വിദ്യാര്‍ത്ഥികളെ വീണ്ടും ആശങ്കയിലാഴ്ത്തി മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം

single-img
21 May 2023

എസ്‌എസ്‌എല്‍സി ഫലം പുറത്ത് വന്നതോടെ വിദ്യാര്‍ത്ഥികളെ വീണ്ടും ആശങ്കയിലാഴ്ത്തി മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം.

ആറ് ജില്ലകളിലായി 30652 പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണുള്ളത്.

മലബാറില്‍ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്‌ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വര്‍ധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതില്‍ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി.

സീറ്റ് ക്ഷാമം പഠിച്ച വി കാര്‍‍ത്തികേയന്‍ കമ്മിറ്റി മലബാറില്‍ 150 അധിക ബാച്ചുകള്‍ വേണമെന്നാണ് സ‍ര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിര്‍ദേശം. സ്കൂളുകളില്‍ സൗകര്യമൊരുക്കുന്നത് മുതല്‍ തുടങ്ങുന്ന പ്രതിസന്ധികള്‍ കാരണം ശുപാര്‍ശയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയെളുപ്പമല്ല. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം കുറവാണെന്നതിനാല്‍ പ്രതിസന്ധി അന്നത്തെയത്ര രൂക്ഷമാകാതിരിക്കാനാണ് സാധ്യത.