കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായിക്ക് ക്ഷണമില്ല

single-img
19 May 2023

കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ കര്‍ണാടകയിലും കോണ്‍ഗ്രസിന് അധിക കാലം തുടരാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയില്‍ നിരീക്ഷിക്കാന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുള്ളതാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നത്. ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ എല്ലാ മതേതര ജനാധിപത്യ ശക്തികളേയും കൂട്ടിയോജിപ്പിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്ന് അവരുടെ ഈ നിലപാടുകളിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രിയേയും കേരള മുഖ്യമന്ത്രിയേയും ക്ഷണിച്ചില്ല. ഇന്ത്യയില്‍ എന്ത് ബിജെപി വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന് സ്വീകരിക്കാന്‍ സാധിക്കുക. കോണ്‍ഗ്രസിന്റെ അപക്വമായതും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം ആ പാര്‍ട്ടിയെ അധഃപതനത്തിലേക്ക് എത്തിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഇപ്പോള്‍ തന്നെ തെളിയിച്ചു. ഇനി കര്‍ണാടകത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് നിങ്ങള്‍ കാത്തിരിക്കൂ. അവരുടെ ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ അവര്‍ക്ക് കര്‍ണാടകത്തില്‍ അധികകാലം തുടരാന്‍ സാധിക്കില്ല’ഇ.പി.ജയരാജന്‍ പറഞ്ഞു.

അതേ സമയം തങ്ങള്‍ മുഖ്യമന്ത്രിമാരെ അല്ല സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചതെന്നും പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയാണ് വിളിച്ചതെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. അതനുസരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

സീതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ജയരാജന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘കോണ്‍ഗ്രസല്ല സിപിഎം. ദേശീയ രാഷ്ട്രീയത്തെ വിശാലമായ കാഴ്ചപ്പാടോടെ കണ്ട് ഇന്ത്യയിലെ ബിജെപിയുടെ ഫാസിസ്റ്റ് നടപടിക്കെതിരെ രാജ്യത്തെ ജനങ്ങളെ യോജിപ്പിക്കുക എന്ന ദൗത്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്. ആ ഉയര്‍ന്ന രാഷ്ട്രീയം സിപിഎം ഉയര്‍ത്തിപ്പിടിക്കുന്നു, അതാണ് സിപിഎം ഇതില്‍ പങ്കെടുക്കുന്നത്’ ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.