ഫിസിയോതെറാപ്പിസ്റ്റുകളും ഇനി ‘ഡോക്‌ടര്‍’, പദവി അനുവദിച്ച് ഹൈക്കോടതി

ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡോക്ടർ എന്ന വിശേഷണം എം.ബി.ബി.എസ് ബിരുദമുള്ളവർക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടുള്ളതല്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
തെറാപ്പിസ്റ്റുകൾ ഡോക്ടർ എന്ന് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമല്ലെന്നും, കൃത്യമായ രോഗനിർണയത്തിനും ചികിത്സാ നിഗമനങ്ങളിൽ എത്താനും അവർക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ, ഫിസിയോതെറാപ്പിസ്റ്റുകൾ ഡോക്ടർമാരുടെ ഗണത്തിൽപ്പെടുന്നവരല്ലെന്നും അതിനാൽ പേരിന് മുൻപിൽ ഡോക്ടർ എന്ന് ഉപയോഗിക്കുന്നത് അധികൃതർ തടയണമെന്നും കാണിച്ച് കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസിൽ വിശദമായ വാദം കേട്ടതിനുശേഷം കോടതി ഈ നിലപാട് തിരുത്തുകയായിരുന്നു.
പ്രൊഫഷണൽ യോഗ്യതയുള്ള ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും സ്വതന്ത്രമായി രോഗികളെ പരിശോധിക്കുന്നവരാണെന്നും, ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം പ്രവർത്തിക്കേണ്ടവരല്ല ഇവരെന്നും കോടതി നിരീക്ഷിച്ചു.
ലോകമെമ്പാടും ഫിസിയോതെറാപ്പിസ്റ്റുകൾക്ക് അവരുടെ വൈദഗ്ധ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം പദവികൾ നൽകിവരുന്നുണ്ടെന്നും, കേരളത്തിലും ആ പതിവ് തുടരുന്നതിൽ നിയമതടസ്സമില്ലെന്നും വിധിന്യായത്തിൽ പറയുന്നു.


