പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ  ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി

single-img
30 June 2023

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ  ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ – മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്ര സർക്കാർ പഠനം നടത്തണം. ഒരു മൃഗത്ത ആവാസ വ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതെ മാറ്റരുത് എന്നീ കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാർ, കേരള – തമിഴ്നാട് സർക്കാരുകളെ എതിർകക്ഷിയാക്കിയാണ് ഹർജി. അരിക്കൊമ്പൻ വിഷയത്തിൻ്റെ സാഹചര്യത്തിലാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്ഹേ എന്നിവരാണ് സുപ്രീം കോടതിയിൽ  ഹർജി സമർപിച്ചത്. ഹർജി ജൂലായ് അഞ്ചിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

അതേ സമയം, അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ്  സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. 

അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാൽ, ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അനയ്ക്ക് പരിക്കുണ്ടെന്നും ഹർജിയിൽ പറയുന്നു. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.