പിണറായി വിജയൻ വിവരമില്ലാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ രക്തസാക്ഷിത്വം വഹിക്കുന്നു: കെ സുധാകരൻ

single-img
1 December 2022

വേണ്ടി വന്നാൽ കേരളത്തിൽ ഒരു വിമോചനസമരം കോൺഗ്രസ് നടത്തുമെന്നും മത്സ്യത്തൊഴിലാളികളുടെ കൂടെ കോൺഗ്രസ് നിൽക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, എന്തു പറഞ്ഞാലും ആക്രമണത്തിലേക്ക് പോകണമെന്ന് വൈദിക സമൂഹം പറയുമെന്ന് ലോകത്തുള്ള ആരും പറയില്ലെന്നും ആക്രമണത്തിലേക്ക് പോകാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത് പൊലീസാണെന്നും ആരോപിച്ചു.

സംഘർഷങ്ങളുടെ പേരിൽ പോലീസ് ആർച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്നും ചൂണ്ടിക്കാട്ടി.സമൂഹത്തിൽ ജനങ്ങൾക്ക് സമാധാനപൂർണമായി ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കരുതെന്നും അത്തരം സാഹചര്യമുണ്ടായാൽ സമരത്തിന് ഇറങ്ങാതെ നിവൃത്തിയില്ലെന്നും സുധാകരൻ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുമായി സർക്കാറിന് മുന്നോട്ട് പോകാം. എന്നാൽ അത് തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ തുടങ്ങാവൂവെന്നും പറഞ്ഞു. കേരളത്തിൽ ഇപ്പോൾ നീതിയും ന്യായവുമില്ലെന്നും ഉത്തരവ് നടപ്പിലാക്കാൻ ഭരണകൂടവും ഇല്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ വിവരമില്ലാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ രക്തസാക്ഷിത്വം വഹിക്കുകയാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.