കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച്‌ പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍

single-img
16 May 2023

കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച്‌ പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍.

നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്നാണ് പരാതി. സിദ്ധരാമയ്യയുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങള്‍ സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്തു.

ഇന്ന് ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ 85 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. കടുത്ത അതൃപ്തിയിലുള്ള ഡികെ ശിവകുമാര്‍ ഇന്ന് ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തുമെന്ന് കരുതുന്നു. ഇന്നലെ അദ്ദേഹത്തോട് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പോയിരുന്നില്ല. സിദ്ധരാമയ്യ ദില്ലിയില്‍ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. രണ്ട് വര്‍ഷം താനും പിന്നീടുള്ള മൂന്ന് വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോര്‍മുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണ്ണാടക നിരീക്ഷകരുമായുള്ള ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും ഡികെ ശിവകുമാര്‍ എത്താത്തതിനാല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശിവകുമാറിനെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. ഉപമുഖ്യമന്ത്രി പദം നല്‍കുന്നതിനൊപ്പം കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനവും ഡികെ ശിവകുമാറിന് നല്‍കിയേക്കുമെന്നാണ് വിവരം.