രാഹുലിനെ അനുകൂലിച്ച ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ വിമർശനവുമായി പത്തനംതിട്ട ഡിസിസി

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ശ്രീനാദേവി കുഞ്ഞമ്മ നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് രൂക്ഷ വിമർശനം ഉന്നയിച്ചു. പേരിന്റെ അർത്ഥത്തിന് വിരുദ്ധമായ നിലപാടുകളാണ് കുഞ്ഞമ്മ സ്വീകരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, “വെള്ളം കുടിച്ച് മരിച്ചാൽ ഭാഗ്യമെന്ന് പറയുന്ന തരത്തിലുള്ള” പരാമർശങ്ങളാണെന്ന് വിമർശിച്ചു. അനിൽ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുലിനെ പിന്തുണയ്ക്കുന്നതിനൊപ്പം, നിലവിലുള്ള പരാതികളിൽ സംശയം പ്രകടിപ്പിക്കുകയുമായിരുന്നു. അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോഴും പ്രതിഭാഗത്തിന്റെ വാദവും കേൾക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.
താൻ രാഹുലിനൊപ്പമാണെന്നും, അദ്ദേഹത്തിനെതിരെ ഉയർന്ന പല പരാതികളിലും സംശയം നിലനിൽക്കുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ആദ്യ പരാതിയിൽ പീഡനാരോപണം നിലനിൽക്കില്ലെന്നും, രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.


