മഹാബലിയുടെ വസ്ത്രത്തിൽ പലസ്തീൻപതാക; ജെ എൻ യുവിലെ ഓണാഘോഷം അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ

single-img
12 November 2023

ഡല്‍ഹിയിലെ ജെഎന്‍യു സർവകലാശാലയിലെ ഓണാഘോഷത്തിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത് ഹമാസ് അനുകൂല പോസ്റ്ററിൽ മഹാബലിയുടെ വേഷമൊരുക്കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഓണാഘോഷക്കമ്മിറ്റിയുടെ പ്രചാരണത്തിനെതിരേ എബിവിപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

ഇതിനെ തുടർന്ന് സർവകലാശാലാ അധികൃതർ ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. മഹാബലിയെ ഈ രീതിയിൽ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തി ആണെന്ന് ആരോപിച്ച് മലയാളികളായ വിദ്യാർഥികൾ പരാതി നൽകിയതായി വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് അറിയിച്ചു.

വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി. പോസ്റ്ററിലുള്ള മഹാബലിയുടെ വസ്ത്രത്തിൽ പലസ്തീൻപതാക ഉൾപ്പെടുത്തി ഐക്യദാർഢ്യത്തിന്റെ ഓണമെന്ന മുദ്രാവാക്യത്തോടെയാണ് ഓണാഘോഷക്കമ്മിറ്റി പോസ്റ്റർ തയ്യാറാക്കിയത്. എന്നാൽ, ഹമാസിനെ പിന്തുണയ്ക്കാൻ മഹാബലിയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിച്ചെന്നാരോപിച്ചാണ് മറുഭാഗം രംഗത്തെത്തിയത്. ഈ മാസം ഒൻപതിന് ജെ.എൻ.യു. കൺവെൻഷൻ സെന്ററിൽ നടക്കേണ്ട ഓണാഘോഷം വിവാദമായതിനെ തുടർന്ന് വ്യാഴാഴ്ച തുറസ്സായ വേദിയിലാണ് നടത്തിയത്.