അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലിന് സഹായവുമായി എത്തിയത് പാകിസ്ഥാന്‍ നാവിക സേന

single-img
7 May 2026

അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലായ എംവി ഗൗതമിന് പാകിസ്ഥാന്‍ നാവിക സേനയുടെ സഹായം. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കപ്പലിന് സാങ്കേതിക തകരാര്‍ ഉണ്ടായത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ സെന്ററില്‍ നിന്നുള്ള അഭ്യര്‍ഥന പ്രകാരമാണ് പാക് നാവികസേന സഹായം നല്‍കിയത്.

രക്ഷാപ്രവര്‍ത്തനത്തിനായി പാകിസ്ഥാന്‍ നാവികസേന പിഎംഎസ്എസ് കശ്മീര്‍ എന്ന കപ്പലിനെ ചുമതലപ്പെടുത്തി. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. 6 ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യന്‍ ജീവനക്കാരനുമാണ് കപ്പലിലുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സഹായത്തിനു പുറമേ ഭക്ഷണവും വൈദ്യസഹായവും നല്‍കി.

കുടുങ്ങിക്കിടന്ന ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, മറ്റ് അടിയന്തര സഹായങ്ങള്‍ എന്നിവ നല്‍കി. കപ്പലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും കപ്പല്‍ സുരക്ഷിതമാക്കാനും നാവികസേന സാങ്കേതിക സഹായം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.