അദാനിയുടെ തകർച്ച: LIC ക്കു നഷ്ടമായത് 23,500 കോടി രൂപ; ആർബിഐയും സെബിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷം

single-img
28 January 2023

യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ. എൽഐസി 74,000 കോടി രൂപ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുമേഖലാ ബാങ്കുകൾ അദാനി ഗ്രൂപ്പിന് അദാനി ഗ്രൂപ്പിന് വായ്പ നൽകിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം എന്നുമാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.

അദാനി ഗ്രൂപ്പിലെ എൽഐസിയുടെ നിക്ഷേപം ₹77,000 കോടിയാണ്. എൽഐസിക്ക് ഇന്ന് 23,500 കോടി രൂപ നഷ്ടമായി. അദാനി ഗ്രൂപ്പിലെ നിക്ഷേപ മൂല്യം വെറും ₹53,000 കോടി രൂപ മാത്രമാണ്. എൽഐസി ഇന്ത്യയിലെ ജനങ്ങളുടെ പണമാണ്. മറ്റേതൊരു രാജ്യത്തും, ധനകാര്യ മന്ത്രി ഉൾപ്പെടെയുള്ളവരുടെ രാജി ഉണ്ടായേനെ- കോൺഗ്രസ് രാജ്യസഭാംഗം രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്ന നയങ്ങൾ കാരണം തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണം അദാനി ഗ്രൂപ്പിനെപ്പോലുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് ലഭിക്കുന്നതിന് കാരണമായെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. “ഇപ്പോൾ, ഈ റിപ്പോർട്ട് എല്ലാം തുറന്നുകാട്ടി. പ്രധാനമന്ത്രി മോദി രാജ്യത്തോട് വിശദീകരിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും വേണം,” രാജ ഹിന്ദുവിനോട് പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം രണ്ടുദിവസംകൊണ്ട് അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ ഏകദേശം 4.18 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്‌. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നാണ് ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം. അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്‌നങ്ങളുടെ സൂചനയാണ് എന്നും റിപ്പോർട്ട് പരാഖ്യുന്നു.