കർണാടകയിൽ ഒരാൾ ഒരു മണ്ഡലത്തില്‍ മാത്രം മത്സരിച്ചാൽ മതി; നിർദേശവുമായി ഡികെ ശിവകുമാര്‍

single-img
25 November 2022

കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർതഥികൾക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കുകയുള്ളൂവെന്ന് കര്‍ണാടക കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് ഡികെ ശിവകുമാര്‍ അറിയിച്ചു.
ഒരാൾ ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കണമെന്ന നിര്‍ദ്ദേശം പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യക്ക് നൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നിലധികം മണ്ഡലങ്ങളില്‍ നിന്ന് ഒരാൾ തന്നെ മത്സരിക്കാന്‍ അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡികെ ശിവകുമാര്‍ പറഞ്ഞത്- ”അത് ആരായാലും ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ ലഭിക്കൂ. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം, ഇവിടെ വ്യക്തിക്ക് പാര്‍ട്ടിയോളം പ്രാധാന്യമില്ല. പാര്‍ട്ടി അധികാരത്തില്‍ വരണം, അത് സംഭവിക്കുമ്പോള്‍ എല്ലാവരും ശാക്തീകരിക്കപ്പെടും.” എന്നായിരുന്നു.

”പാർട്ടിക്കുള്ളിൽ എല്ലാവര്‍ക്കും അവരുടേതായ അധികാരവും പ്രാധാന്യവും ഉണ്ടായിരിക്കും. ഒരാള്‍ക്ക് 100 ബൂത്തുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്, മറ്റൊരാള്‍ക്ക് 50 അല്ലെങ്കില്‍ 10 എണ്ണം കൈകാര്യം ചെയ്യാന്‍ കഴിയും. അതിനാല്‍, ആര്‍ക്ക് എന്ത് അധികാരം ലഭിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല.”- ശിവകുമാര്‍ പറഞ്ഞു.

2018ൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിച്ചത്. ഇദ്ദേഹം ഇത്തവണ വീണ്ടും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കെല്ലാം അവസാനമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ മാത്രമേ അവസരമുണ്ടാകൂ എന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.