ഓണം വിപണി; കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌

single-img
17 August 2023

ഓണം വിപണി ലക്ഷ്യമിട്ട്‌ കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌ ഒരുങ്ങുന്നു ഊട്ടിയിൽനിന്ന്‌ കാരറ്റ്‌, ബീൻസ്‌, ഉരുളക്കിഴങ്ങ്‌ തുടങ്ങിയവ എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന്‌ പരമാവധി പച്ചക്കറികൾ ശേഖരിക്കും. കർഷകരിൽനിന്ന്‌ പൊതുവിപണിയേക്കാൾ പത്തുശതമാനം വില കൂടുതൽ നൽകി സംഭരിക്കും. 30 ശതമാനം വിലക്കുറച്ചായിരിക്കും വിതരണം ചെയ്യുക.

ഹോർട്ടികോർപ്പും കൃഷിഭവനുംചേർന്ന്‌ 2000 പച്ചക്കറിച്ചന്തയാണ്‌ നടത്തുക. സംസ്ഥാനതല ഉദ്‌ഘാടനം 24ന്‌ വൈകീട്ട് നാലിന്‌ പാളയത്ത്‌ കൃഷിമന്ത്രി പി പ്രസാദ്‌ നിർവഹിക്കും. 25 മുതൽ 28വരെ ചന്തകൾ പ്രവർത്തിക്കും. ഹോർട്ടികോർപ്‌ 764, വിഎഫ്‌പിസികെ 160, കൃഷി ഭവനുകൾ 1076 എന്നിങ്ങനെ ചന്തകൾ നടത്തും. ചന്തകളിലേക്ക്‌ ആവശ്യമായ പച്ചക്കറികൾ പരമാവധി സംസ്ഥാനത്തെ കർഷകരിൽനിന്ന്‌ ശേഖരിക്കണമെന്ന്‌ ഉദ്യോഗസ്ഥർക്ക്‌ കൃഷിമന്ത്രി നിർദേശം നൽകിയിട്ടുണ്ട്‌. സപ്ലൈകോയുമായി സഹകരിച്ചും ഹോർട്ടികോർപ് ചന്തകൾ ഒരുക്കും.

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയർ നാളെ തുടങ്ങും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. എല്ലാ ജില്ലകളിലും സപ്ലൈകോ ജില്ലാതല ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഓണം ഫെയറിലും സപ്ലൈകോയുടെ വില്പന ശാലകളിലും സബ്സിഡി സാധനങ്ങൾ നൽകുന്നതിന് പുറമെ, ഓഗസ്റ്റ് 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും ഉണ്ടായിരിക്കും. മറ്റു ജില്ലകളിൽ 19ന് ഫെയറുകൾ ആരംഭിക്കും