ജി എസ് ടി അടച്ചില്ല; പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിക്കെതിരെ അന്വേഷണം

single-img
4 October 2023

ജി എസ് ടി അടക്കാത്തതിന്റെ പേരിൽ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തരില്‍ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ഈ തുക ട്രഷറിയില്‍ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും. ജിഎസ്ടി നിലവില്‍ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അന്വേഷണം. സമിതി 2017 മുതല്‍ 2023 മുതല്‍ ജിഎസ്ടി അടച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. പൂജയും അനുബന്ധ കാര്യങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം മറ്റ് വരുമാന മാര്‍ഗങ്ങള്‍ ക്ഷേത്ര ഭരണ സമിതിക്കുണ്ടെന്നാണ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു.