പ്രായം അനുവദിക്കുമോ എന്നറിയില്ല; 2026 ലോകകപ്പില്‍ ഞാന്‍ കളിക്കുമോ എന്ന് ഉറപ്പില്ല: മെസി

single-img
3 February 2023

അടുത്ത സീസണിലെ കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് അടുത്തിടെ നായകൻ ലിയോണല്‍ മെസി വ്യക്തമാക്കിയിരുന്നു. ഖത്തർ ലോകകപ്പ് നേട്ടത്തിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മെസി ഈ കാര്യങ്ങൾ പുറത്തുപറഞ്ഞത്.

ഇത്തവണത്തെ അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ശേഷം ആ ജേഴ്‌സിയില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മെസി വ്യക്തമാക്കുകയായിരുന്നു. അടുത്ത വർഷം അമേരിക്കയിലാണ് കോപ്പ അമേരിക്ക നടക്കുന്നത്. ലോകമാകെ 16 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും.

അതേസമയം, 2026ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് മെസി വ്യക്തമാക്കി. മെസിയുടെ വാക്കുകള്‍ ഇങ്ങിനെ … ”2026 ലോകകപ്പില്‍ ഞാന്‍ കളിക്കുമോ എന്നെനിക്ക് ഉറപ്പില്ല. അടുത്ത ലോകകപ്പില്‍ കളിക്കാന്‍ തന്റെ പ്രായം അനുവദിക്കുമോ എന്നറിയില്ല. ഫുട്‌ബോള്‍ ഞാന്‍ ആസ്വദിക്കുന്നു. ഫുട്‌ബോള്‍ കളിക്കാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഫിറ്റ്‌നെസ് അനുവദിക്കുന്നത് വരെ അതങ്ങനെതന്നെ തുടരും.

ഇനിവരുന്ന ലോകകപ്പിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്. അതുകൊണ്ട് തന്നെ കളിക്കുമോ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല.” മെസി പറഞ്ഞു. ഇതോടൊപ്പം, അര്‍ജന്റീനയുടെ കോച്ചായി ലിയോണല്‍ സ്‌കലോണി തുടരണമെന്നും മെസി പറഞ്ഞു.