ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
9 November 2022

കണ്ണൂർ ജില്ലയിലെ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചു എന്ന് വെളിപ്പെടുത്തിയ കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ . കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്.

സിപിഎം നേതാവായ ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ഇതിനായി ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ബിജെപിയിലേക്ക് തനിക്ക് പോകാൻ തോന്നിയാൽ പോകുമെന്ന കെ സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് പാർട്ടിയാണ് അത് ഗൌരവത്തിൽ എടുക്കേണ്ടത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. രാജ്യത്ത് തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.