വി ഡി സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട; വി ഡി സതീശന് ആര്‍എസ്‌എസുമായി അന്തര്‍ധാരയെന്ന് റിയാസ്
തിരുവനന്തപുരം: മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.
വി ഡി സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അംഗീകാരം ലഭിക്കാത്തതിന്റെ ഈഗോ മറ്റുള്ളവരുടെ തലയില്‍ വെച്ചിട്ട് കാര്യമില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
സഭയിലെ പ്രതിപക്ഷ ബഹളം കൃത്യമായ അജണ്ടയുടെ ഭാഗമായാണ്. യഥാര്‍ഥത്തില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. വളരെ ബോധപൂര്‍വ്വം ഒരു പ്രസ്ഥാനത്തിന്റെ നേതാവായി നില്‍ക്കുകയും ആ പ്രസ്ഥാനത്തിന്റെ എംഎല്‍എമാരെ ഉള്‍പ്പെടെ വഞ്ചിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചന തുടര്‍ച്ചയായി പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആണെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്‌എസുമായും പ്രതിപക്ഷ നേതാവിന് ഒരു അന്തര്‍ ധാരയുണ്ട്.- റിയാസ് പറഞ്ഞു.
കേന്ദ്ര ബജറ്റ് വന്നു. കേരളത്തിനോട് കടുത്ത അവഗണനയുണ്ടായി. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല, കോണ്‍ഗ്രസ് എംഎല്‍എമാരെ മിണ്ടാനും സമ്മതിച്ചില്ല. പാചകവാതക വില വര്‍ധനവിലും പ്രതിപക്ഷ നേതാവ് മിണ്ടിയില്ല. കോണ്‍ഗ്രസില്‍ നില്‍ക്കുകയും മതനിരപേക്ഷ കോണ്‍ഗ്രസുകാരെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന രീതിയിലേക്ക് പ്രതിപക്ഷ നേതാവ് മാറി.
അദ്ദേഹത്തെ കണ്ട് രാവിലെ ഗുഡ് മോണിങ് പറഞ്ഞ്, വൈകുന്നേരം ഗുഡ് ഇവനിങ് പറഞ്ഞാല്‍ മാത്രമേ മന്ത്രിപ്പണി എടുക്കാന്‍ പറ്റു എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ട്. മന്ത്രിമാരെ തുടര്‍ച്ചയായി ആക്ഷേപിക്കുന്നു. ആരോഗ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കായിക മന്ത്രിയേയും അപമാനിച്ചു.
അദ്ദേഹം ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് എഴുതി തരും. അതു വാങ്ങിയേ മന്ത്രി പണി എടുക്കാവു എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ട്. അങ്ങനെ തോന്നല്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അലമാരയില്‍ പൂട്ടി വയ്ക്കുന്നതാണ് നല്ലത്. വികസന കാര്യത്തില്‍ എല്ലാവരേയും യോജിപ്പിച്ചാണ് ഞങ്ങള്‍ പോകുന്നത്. ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരെ ഒരു ആരോപണം വന്നാല്‍ മിണ്ടാതിരിക്കുന്ന സ്വതന്ത്ര പദവിയല്ല മന്ത്രി പദവി’.-റിയാസ് പറഞ്ഞു.
ജീവിതത്തില്‍ ഇന്നുവരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു 30 മിനിറ്റുപോലും ജയില്‍ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗമെന്ത് എന്നറിയില്ല. അദ്ദേഹത്തിന് ആകെ അറിയാവുന്നത് 30 കൊല്ലം എംഎല്‍എ ആയെന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞു കൊണ്ടേയിരിക്കുക എന്നാണ്- റിയാസ് പറഞ്ഞു.