ബഹളംവെക്കാതെ, നമ്മള്‍ കുട്ടികളല്ല… രാജ്യസഭാംഗങ്ങളെ ശാസിച്ച്‌ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി

single-img
20 December 2022

ന്യൂഡല്‍ഹി: ബഹളംവെക്കാതെ, നമ്മള്‍ കുട്ടികളല്ല… രാജ്യസഭാംഗങ്ങളെ ശാസിച്ച്‌ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍.

സഭയില്‍ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷന്റെ ഓര്‍മപ്പെടുത്തല്‍. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും പങ്കില്ലെന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശമാണ് സഭയില്‍ ബഹളത്തിന് വഴിവെച്ചത്.

ഇത്തരത്തിലുള്ള പെരുമാറ്റം നമുക്ക് വളരെ മോശം പേരാണ് നല്‍കുക. നാം വളരെ മോശം മാതൃകയാണ് സൃഷ്ടിക്കുന്നത്. പുറത്തുള്ള ജനങ്ങള്‍ക്ക് അബദ്ധ ധാരണകളൊന്നുമില്ല. – ധന്‍കര്‍ പറഞ്ഞു.

അധ്യക്ഷ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഭരണ പ്രതിപക്ഷ അംഗങ്ങളെ നോക്കി ശാന്തരാകാന്‍ ആഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം സംസാരിക്കാന്‍ ശ്രമിച്ചു. ഒരു നിമിഷം ശ്രദ്ധിക്കൂവെന്ന് അദ്ദേഹത്തിന് പലതവണ പറയേണ്ടി വന്നു.

രാജ്യസഭാ അധ്യക്ഷന്റെ നിരീക്ഷണം പോലും ആര്‍ക്കും ദഹിക്കുന്നില്ല. വളരെ വേദനാജനകമായ സാഹചര്യമാണിത്. 135കോടി ജനങള്‍ നമ്മെ നോക്കി ചിരിക്കുകയാണ്. അവര്‍ അത്ഭുതത്തോടെ ചിന്തിക്കുന്നു – എന്തൊരു വീഴ്ചയാണ് നമ്മുടെത്. – ധര്‍കര്‍ പറഞ്ഞു.

രാജസ്ഥാനില്‍ റാലിക്കിടെ ഖര്‍ഗെ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ നടത്തിയ ‘നായ’ പരാമര്‍ശത്തിനെതിരായിരുന്നു രാജ്യസഭയില്‍ പ്രതിഷേധം.

സഭക്ക് പുറത്ത് ആവേശത്തിന് പറഞ്ഞ ചില കാര്യങ്ങളാണതെന്നും അത്തരം ജല്‍പ്പനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ധര്‍കര്‍ പറഞ്ഞു. അതിനര്‍ഥം, സഭാ നേതാവ് സംസാരിക്കുമ്ബോള്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് തടസപ്പെടുത്താമെന്നോ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്ബോള്‍ മറുപക്ഷത്തിന് തടസപ്പെടുത്താമെന്നോ അല്ല. നമ്മള്‍ കുഞ്ഞുങ്ങളല്ല. സഭാംഗങ്ങള്‍ക്ക് എന്തെങ്കിലും വാദമുണ്ടെങ്കില്‍ അവ രേഖകളാക്കണമെന്നും അല്ലാതെ ഓഫ് ദ റെക്കോര്‍ഡ് ആക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണത്തില്‍ മാപ്പുപറയണമെന്ന ഭരണപക്ഷാംഗങ്ങളുടെ ആവശ്യം ഖാര്‍ഗെ തള്ളി. സഭക്ക് പുറത്ത് ഭാരത് ജോഡോ യാത്രക്കിടെ പറഞ്ഞ വാക്കുകളാണിതെന്നും സഭക്ക് പുറത്തു പറഞ്ഞ വാക്കുകള്‍ക്ക് സഭക്ക് ഉള്ളില്‍ മാപ്പുപറയേണ്ടതില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു