മദ്യപിച്ച്‌ വാഹനമോടിച്ചതിന് തെളിവില്ല; മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

single-img
19 September 2022

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍.

മദ്യപിച്ച്‌ വാഹനമോടിച്ചതിന് തെളിവില്ലെന്ന് കാണിച്ചാണ് ശ്രീറാം തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും ശ്രീറാം ഹര്‍ജിയില്‍ പറഞ്ഞു.

അതേസമയം, കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അതേസമയം കേസില്‍ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച്‌ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ല. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബഷീറിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരാണ് ശ്രീറാം വെങ്കിട്ടരാമന്‍.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ജോലി കഴിഞ്ഞ് ബൈക്കില്‍ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച്‌ വന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുതെറിപ്പിച്ചത്.തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപമായിരുന്നു സംഭവം. കാറില്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു.