ഗ്രേറ്റ് നിക്കോബാറിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം; 81,000 കോടിയുടെ ബൃഹദ് പദ്ധതിയിൽ നിർണ്ണായക മാറ്റം

ഗ്രേറ്റ് നിക്കോബാറിലെ 81,000 കോടി രൂപയുടെ ബൃഹദ് വികസന പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള ഐ.എൻ.എസ്. ബാസ് വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരം, 13,000 കോടി രൂപ ചെലവിൽ ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ-മിലിട്ടറി വിമാനത്താവളം നിർമ്മിക്കാൻ തീരുമാനിച്ചു. നാവികസേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ വിമാനത്താവളം പ്രവർത്തിക്കുക.
തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിനോട് ചേർന്നാണ് പുതിയ വിമാനത്താവളം വരുന്നത് എന്നതിനാൽ ഇതിന് വലിയ സൈനിക-പ്രതിരോധ പ്രാധാന്യമുണ്ട്. മേഖലയിൽ ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ ഇത് സഹായിക്കും. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഐ.എൻ.എസ്. ബാസിന്റെ നിലവിലെ റൺവേ വികസിപ്പിക്കുന്നതിലെ ഭൂപ്രകൃതിപരമായ വെല്ലുവിളികളും പരിസ്ഥിതി ആഘാതങ്ങളും കണക്കിലെടുത്താണ് പുതിയ മാറ്റം. നിലവിലെ വിമാനത്താവളം വികസിപ്പിക്കുന്നത് പ്രദേശത്തെ വനത്തിനും തദ്ദേശവാസികൾക്കും കൂടുതൽ ദോഷകരമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയുടെ നാല് പ്രധാന തൂണുകളിൽ ഒന്നാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട്, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ടൗൺഷിപ്പ് എന്നിവയാണ് പദ്ധതിയിലെ മറ്റ് പ്രധാന ഘടകങ്ങൾ. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഭാരതത്തിന്റെ സാന്നിധ്യം ശക്തമാക്കാനും രാജ്യത്തിന്റെ അതിർത്തി മേഖലകളിലേക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.


