പ്രതിസന്ധി ഘട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി: നെതന്യാഹു

ഇറാനുമായുള്ള യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞദിവസം മോദിയുമായി ദീർഘനേരം സംസാരിച്ചുവെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തെയും ഇന്ത്യൻ ജനതയെയും നന്ദി അറിയിച്ചതായും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണം നേരിട്ട ബെയ്ത്ത് ഷെമേഷിൽ വെച്ച് എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ പ്രിയ സുഹൃത്തായ നരേന്ദ്ര മോദിയോട് സംസാരിച്ചു. സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുന്നതിനും ഇന്ത്യയുടെ സൗഹൃദത്തിനും ഞാൻ നന്ദി പറഞ്ഞു. ഇസ്രയേലിൽ ഇന്ത്യൻ ജനത വളരെയധികം സ്നേഹിക്കപ്പെടുന്നുണ്ട്. മോദിയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും മേഖലയിലെയും പുറത്തെയും മറ്റ് പല നേതാക്കളുമായും ഞാൻ ആശയവിനിമയം നടത്തുന്നുണ്ട്,” നെതന്യാഹു പറഞ്ഞു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ അദ്ദേഹം പ്രസംഗിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന പ്രതിരോധ-സാമ്പത്തിക കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.


