മക്കളെ നോക്കാന്‍ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മലയാളി വിവേക് രാമസ്വാമിക്ക് ആയയെ വേണം; ശമ്പളം 80 ലക്ഷം

single-img
5 October 2023

സ്വന്തം മക്കളെ നോക്കാൻ ഒരു ആയയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മലയാളിയുമായ വിവേക് രാമസ്വാമി. ഒരു റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിലാണ് ആയയ്ക്കായുള്ള അദ്ദേഹത്തിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ആയയ്ക്ക് അദ്ദേഹം വാഗ്ദാനം ചെയ്ത ശമ്പളം ഏകദേശം 100,000 ഡോളർ ആണ്. അതായത് ഏകദേശം 83 ലക്ഷം രൂപ. കൂടാതെ മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും .

അദ്ദേഹത്തിന്റെ മാതാപിതാക്കൾ കേരളത്തിലെ പാലക്കാട് നിന്നും കുടിയേറിയ ഒരു ബ്രാഹ്മണ കുടുംബമാണ്. പിതാവ് വി ജി രാമസ്വാമി കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടി, ജനറൽ ഇലക്ട്രിക്കിൽ എഞ്ചിനീയറായും പേറ്റന്റ് അറ്റോർണിയായും ജോലി ചെയ്തു. അദ്ദേഹത്തിന്റെ അമ്മ, ഗീത രാമസ്വാമി മൈസൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഒരു മനഃശാസ്ത്രജ്ഞയായിരുന്നു.

വിവേക് രാമസ്വാമിയുടെ രണ്ട് മക്കളെ നോക്കുന്നതിലൂടെ അദ്ദേഹത്തിന്റെ പ്രൗഢ ഗംഭീരമായ കുടുംബത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് തെരഞ്ഞെടുക്കപ്പെടുന്ന ആയയ്ക്ക് ലഭിക്കുക. കുടുംബത്തിന്റെ എല്ലാ യാത്രകളിലും ഒപ്പം പോകാനും ഇവർക്ക് അവസരം ലഭിക്കും.

ആഴ്ച ഷെഡ്യൂളിലാണ് ആയ ജോലി ചെയ്യേണ്ടത്. അതായത് ഒരു ആഴ്ച ജോലി ചെയ്യണം. അടുത്ത ഒരു ആഴ്ച അവധിയായിരിക്കും. 26 ആഴ്ച ജോലി ചെയ്യുന്ന ആയയ്ക്ക് ലഭിക്കുക 100,000ഡോളറാണ്. പ്രൈവറ്റ് ജെറ്റ് യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർ കൂടിയായിരിക്കണം ആയ എന്നും പരസ്യത്തിൽ വിവേക് രാമസ്വാമി പറയുന്നു. മിക്ക ആഴ്ചകളിലും കുടുംബാംഗങ്ങളോടൊത്ത് സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്രകൾ നടത്തേണ്ടിവരും. തെരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുൾപ്പെടുത്തും.

ഷെഫ്, ഹൗസ് കീപ്പർ, പ്രൈവറ്റ് സെക്യൂരിറ്റി എന്നിവരുൾപ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉൾപ്പെടുത്തുക. കുട്ടികളുടെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുക, അവരുടെ യാത്രകൾക്ക് ആവശ്യമായ സാധനങ്ങൾ എടുത്തുവെയ്ക്കുക, തുടങ്ങിയ കാര്യങ്ങൾ ആയ ശ്രദ്ധിക്കണമെന്ന് പരസ്യത്തിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് വിവേക് രാമസ്വാമി. താൻ വളരെ ചെറുപ്പമാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്നും ചിലർക്ക് ഒരു ധാരണയുണ്ടെന്ന് വിവേക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം രണ്ടാം ജിഒപി സംവാദത്തിൽ തിളങ്ങിയത് ഇന്ത്യൻ വംശജൻ കൂടിയായ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയായിരുന്നു. അമേരിക്കൻ മണ്ണിൽ ജനിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികൾക്ക് ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കണമെന്ന നിർദ്ദേശമാണ് സംവാദത്തിൽ അദ്ദേഹം മുന്നോട്ട് വെച്ചത്. ഇദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. 14-ാമത് ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു വിവേക് രാമസ്വാമിയുടെ പരാമർശം.