ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദി;വി ഡി സവര്‍ക്കറെ പുകഴ്ത്തി എന്‍സിപി നേതാവ് ശരദ് പവാര്‍

single-img
2 April 2023

വി ഡി സവര്‍ക്കറെ പുകഴ്ത്തി എന്‍സിപി നേതാവ് ശരദ് പവാര്‍. ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കറെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സവര്‍ക്കറെ പുകഴ്ത്തി ശരദ് പവാര്‍ രംഗത്തെത്തിയെന്നതും ശ്രദ്ധേയം. സവര്‍ക്കറിനെക്കുറിച്ച്‌ താനും മുമ്ബ് ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, അതൊന്നും വ്യക്തിപരമായിരുന്നില്ലെന്നും സവര്‍ക്കര്‍ നേതാവായിരുന്ന ഹിന്ദു മഹാസഭയെക്കുറിച്ചായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

സവര്‍ക്കറെ പുരോഗമന നേതാവായും ശരദ് പവാര്‍ വിശേഷിപ്പിച്ചു. സവര്‍ക്കര്‍ തന്റെ വീടിനു മുന്നില്‍ ഒരു ക്ഷേത്രം നിര്‍മിക്കുകയും അതിന്റെ ഉത്തരവാദിത്തം വാല്‍മീകി സമുദായക്കാരന് നല്‍കുകയും ചെയ്തെന്നും പവാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം ശക്തമായ നിലപാടെടുത്തതിന് പിന്നാലെയാണ് വിഷയത്തില്‍ പവാര്‍ ഇടപെട്ടത്.

സവര്‍ക്കര്‍ ഭീരുവായിരുന്നെന്നും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്നുമാണ് രാഹുല്‍ ആരോപിച്ചത്. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സവര്‍ക്കര്‍ ദേശീയ പ്രശ്നമല്ലെന്നും രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ടെന്നും അവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പവാര്‍ പറഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു. അതിനെ ക്രിയാത്മകമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.