പത്താം ക്ലാസിൽ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠ്യഭാഗം ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

single-img
1 June 2023

പത്താം ക്ലാസിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠം ഒഴിവാക്കി പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി എൻ.സി.ഇ.ആർ.ടി. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് നൽകുന്ന വിശദീകരണം.

പത്താം ക്ലാസിലെ ‘ജനാധിപത്യ രാഷ്ട്രീയം’ എന്ന പുതുതായി പുറത്തിറക്കിയ പാഠപുസ്തകത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ശാസ്ത്ര പാഠ്യപദ്ധതിയിലും വൻ പരിഷ്‌ക്കരണങ്ങളുണ്ട്.

പിരിയോഡിക് ഡേബിൾ ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം. മൂലകങ്ങളുടെ പിരിയോഡിക് വർഗീകരണം, ഊർജ സ്രോതസുകൾ, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. പഠനഭാരമാണ് പുതിയ പരിഷ്‌ക്കരണത്തിന് എൻ.സി.ഇ.ആർ.ടി പറയുന്ന പ്രധാന ന്യായം. അപ്രസക്തം, പഠിക്കാൻ പ്രയാസം, ആവർത്തനം തുടങ്ങിയ കാരണങ്ങളും പറയുന്നുണ്ട്. എന്നാൽ, 11, 12 ക്ലാസുകളിൽ ചോയ്‌സായി ഇവ വിദ്യാർത്ഥികൾക്ക് പഠിക്കാമെന്നാണ് വിശദീകരണം.

പത്താം ക്ലാസിനുശേഷം ആർട്‌സ്, ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കുന്നവർക്ക് ജനാധിപത്യത്തെക്കുറിച്ച് പഠിക്കാം. സയൻസ് തിരഞ്ഞെടുക്കുന്നവർക്ക് പിരിയോഡിക് ടേബിൾ പഠിക്കുകയും ചെയ്യാമെന്നാണ് പറയുന്നത്.