ഇമ്രാന് മുന്നേറ്റം; പാകിസ്ഥാന്‍ തൂക്കുസഭയിലേക്ക്; സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി

single-img
10 February 2024

ആർക്കും കേവല ഭൂരിപക്ഷം നേടാനാവാതെ വന്ന സാഹചര്യത്തിൽ പാകിസ്ഥാന്‍ തൂക്കുസഭയിലേക്ക്. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേർന്നുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി.

ഇതിനോടകം ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്‍റെ ഭൂരിപക്ഷമാണ് വേണ്ടത്.

സർക്കാർ രൂപീകരിക്കാൻ ആരുമായും സഖ്യത്തിന് തയാറാണെന്ന് നവാസ് ഷരീഫ് പ്രഖ്യാപിച്ചു. എന്നാല്‍, ഇമ്രാൻ്റെ സ്വതന്ത്രരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഒരു വിഭാഗം സ്വതന്ത്രരെ അടർത്തി മാറ്റാൻ നവാസ് ഷരീഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.

മറുഭാഗത്താവട്ടെ ഇമ്രാൻ്റെ സ്വതന്ത്രർ ഒന്നിച്ച് ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാർട്ടിയിൽ ചേരാനും നീക്കമുണ്ട്. അതേസമയം, നവാസ് പ്രധാനമന്ത്രി ആയി സഖ്യത്തിന് തയ്യാറല്ലെന്ന് ബിലാവൽ ഭൂട്ടോയുടെ പി പി പി അറിയിച്ചു.