നവകേരള സർവേയ്ക്ക് ഇന്ന് തുടക്കം; സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം വഴി വീടുകളിലെത്തി വിവരശേഖരണം

single-img
1 January 2026

സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയ്ക്ക് ഇന്ന് തുടക്കമാകും. സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരിൽ നടപ്പാക്കുന്ന സർവേയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തി ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിർദേശങ്ങൾ, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികൾ എന്നിവയാണ് പ്രധാനമായും സർവേയിൽ ഉൾപ്പെടുത്തുന്നത്. ഇതോടൊപ്പം സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകളും വീടുകളിൽ വിതരണം ചെയ്യും. സർവേ രണ്ട് മാസം നീണ്ടുനിൽക്കും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വാർഡിൽ രണ്ട് സന്നദ്ധ പ്രവർത്തകർ എന്ന നിലയിൽ 85,000 സന്നദ്ധ പ്രവർത്തകരെ സംസ്ഥാനത്തുടനീളം നിയോഗിച്ചിട്ടുണ്ട്. സർവേയുടെ ഭാഗമായി ജനങ്ങളോട് നാല് പ്രധാന ചോദ്യങ്ങൾ ചോദിക്കും. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിർദേശങ്ങൾ, നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികൾ, നിലവിലെ ക്ഷേമപദ്ധതികളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

2031ഓടെ വികസിത കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർവേയെന്ന് സർക്കാർ വിശദീകരിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപായി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും, ഭാവി കേരളത്തെക്കുറിച്ച് പൊതുജന അഭിപ്രായം രൂപപ്പെടുത്താനുമുള്ള ശ്രമം കൂടിയാണിതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.