വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് വികാരനിഭരമായ യാത്രയയപ്പ് നല്‍കി രാജ്യം

ദുബായിൽ തേജസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന് രാജ്യം കണ്ണീരോടെ യാത്രയയപ്പ് നൽകി. ജന്മനാടായ ഹിമാചൽപ്രദേശിലെ കാംഗ്രയിൽ പൂർത്തിയായ ശവസംസ്കാരം പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു.
വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ വിംഗ് കമാൻഡർ അഫ്ഷാൻ നമൻഷ് വികാരനിഭരമായി അന്തിമ സല്യൂട്ട് അർപ്പിച്ചു. ആറുവയസുള്ള മകളും കുടുംബാംഗങ്ങളും തമിഴ്‌നാട്ടിലെ സുളൂരിൽ നിന്ന് ഭൗതികശരീരവുമായി കൂടെയുണ്ടായിരുന്നു.
കാംഗ്രയിലെ വിലാപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. “വിംഗ് കമാൻഡർ നമൻഷിന് മരണമില്ല” എന്ന മുദ്രാവാക്യങ്ങളോടെ നാട്ടുകാർ അവസാന യാത്രയിൽ പങ്കുചേർന്നു. കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാട്ടുകാരും സാന്നിധ്യമറിയിച്ച ചടങ്ങിൽ സൈനിക ബഹുമതികളോടെ സംസ്കാരം നടത്തി.
അതേസമയം, റഷ്യൻ എയ്റോബാറ്റിക് ടീമും ദുബായിൽ നമൻഷിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ഉൾപ്പെടെ നിരവധി പേർ ദുബായിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. എമിറാത്തി പ്രതിരോധ സേന ഔപചാരിക ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം ദുബായിൽ നിന്ന് നാട്ടിലെത്തിച്ചത്.


