നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചാലും പരനാറിയായി മാറും; ഗവർണർക്കെതിരെ എംവി ജയരാജൻ

single-img
24 October 2022

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാറി കൊണ്ടിരിക്കുകയാണെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഇദ്ദേഹം ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകും. അതിനാലാണ് ആര്‍എസ്എസ് മറ്റു ചുമതലകള്‍ അദ്ദേഹത്തിന് നല്‍കാത്തതെന്നും എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംവി ജയരാജന്റെ വാക്കുകൾ ഇങ്ങിനെ : ഇവിടെ ഗവര്‍ണര്‍ നാറി കൊണ്ടിരിക്കുകയല്ലേ, നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചാലും പരനാറിയായി മാറും. അതിനാൽ അദ്ദേഹം ഡല്‍ഹിയിലെത്തിയാല്‍ ഇതിലും അധികം നാറും. ആ കാര്യം ആര്‍എസ്എസുക്കാര്‍ക്ക് മനസിലായി. അതിനാലാണ് അദ്ദേഹത്തെ മറ്റു ചുമതലകള്‍ ഏല്‍പ്പിക്കാത്തത്.

കേരളത്തിലെ രാജ്ഭവന്റെ ഭരണം ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. അവിടെ തികച്ചും നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ ചെയ്തികളാണ് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നത്. മുൻപ് കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളായ പതിനഞ്ചുപേരെ സെനറ്റില്‍ നിന്നു പുറത്താക്കികൊണ്ട് ഒരു വിജ്ഞാപനം ഇറക്കി. ആ വിജ്ഞാപനം നിയമ വിരുദ്ധമായിരുന്നു.

അതുകൊണ്ടുതന്നെ അതിൽ കോടതി ഇടപ്പെട്ടു. ഈ പതിനഞ്ച് സ്ഥാനത്തേക്കുള്ള നിയമനം തടഞ്ഞിരിക്കുകയാണ്. ഇതിൽ നിന്നും വ്യക്തമാകുന്നത് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നത് ജുഡീഷ്യറിയ്ക്ക് വ്യക്തമായി എന്നുള്ളതാണ്.അത്തരത്തിൽ ഒരു കോടതി ഉത്തരവുണ്ടായിട്ടും വീണ്ടും നിയമ വിരുദ്ധമായി കണ്ണൂര്‍ വിസി ഉള്‍പ്പടെയുള്ള ഒമ്പത് വിസിമാരോട് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടത് ജുഡീഷ്യറിയോട് കാണിക്കുന്ന അവഹേളനമാണ്.

സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല വിസിയുടെ കാര്യത്തില്‍ സുപ്രീംകോടതി യുജിസിയുടെ 2013ലെ റെഗുലേഷന്‍ മാത്രം കണക്കിലെടുത്തുകൊണ്ട് ഒരു ഉത്തരവിറക്കിയിട്ടുണ്ട്. 2013ലെ റെഗുലേഷന് ശേഷം 2018ല്‍ റെഗുലേഷന്‍ യുജിസി തന്നെ ഇറക്കിയിട്ടുണ്ട്. സ്വാഭാവികമായും സുപ്രീംകോടതി വിധി ഇപ്പോള്‍ ബാധകമായ പ്രശ്‌നമാണെങ്കിലും അത് സംബന്ധിച്ച റിവ്യൂ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുപ്രീംകോടതിയില്‍ തന്നെ ഹര്‍ജി നല്‍കി ഇടപെടുന്നുണ്ട്.

അങ്ങനെ വരുമ്പോള്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കൊണ്ട് ഒമ്പത് സര്‍വകലാശാലയുടെ വിസിമാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഒന്ന് സാങ്കേതിക സര്‍വകലാശാല വിസിയുടെ കാര്യത്തിലാണ് സുപ്രീം കോടതി വിധി. അത് മറ്റു സര്‍വ്വകലാശാലയ്ക്ക് ബാധകമാക്കി.