ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂർണമായി കാവിവൽക്കരിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
13 December 2022

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂർണമായി കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുംഅതിനെ അനുവദിക്കാനാകില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ഈ നീക്കത്തിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. ഇതിന് വഴങ്ങില്ലെന്ന ശക്തമായ താക്കീതാണ് കേരളത്തിലെ ഇടതുപക്ഷം നൽകുന്നത്. വികസന പ്രകിയക്ക് കേരളത്തെ വിടരുത് എന്നതാണ് പ്രതിപക്ഷ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്. വിഴിഞ്ഞത്ത് അധികം വൈകാതെ തന്നെ പുനരധിവാസം പൂർത്തിയാക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

തോടൊപ്പം തന്നെ, മുസ്ലിം ലീഗിനെ കുറിച്ചുള്ള തന്റെ പ്രസ്താവന അപക്വമെന്ന കാനത്തിന്റെ പരാമർശത്തോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുമുന്നണിയിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചിട്ടില്ല. ആർക്കു മുന്നിലും ഇടതു മുന്നണി വാതിൽ അടച്ചിട്ടില്ല. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.