പൂഞ്ച് ഭീകരാക്രമണം കൃത്യമായ മുന്നൊരുക്കത്തോടെയാണ് നടപ്പാക്കിയതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

single-img
23 April 2023

പൂഞ്ച് ഭീകരാക്രമണം കൃത്യമായ മുന്നൊരുക്കത്തോടെയാണ് നടപ്പാക്കിയതെന്നതിന് കൂടുതല്‍ തെളിവുകള്‍. റിമോട്ട് നിയന്ത്രിത സ്റ്റിക്കി ബോംബുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും, എകെ 47 തോക്കുപയോഗിച്ച്‌ 36 തവണ വെടിയുതിര്‍ത്തെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന സംശയവും ബലപ്പെടുകയാണ്.

അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ പൂഞ്ച് ഭീകരാക്രമണം ദീവസങ്ങള്‍ നീണ്ട തയാറെടുപ്പോടെയാണ് നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ച പുതിയ തളിവുകള്‍. സൈനിക വ്യൂഹം സഞ്ചരിക്കുമ്ബോള്‍ വേഗം കുറയുന്ന സ്ഥലം നേരത്തെ കണ്ടെത്തിയാണ് ആക്രമണത്തിന് പദ്ദതിയിട്ടത്. ഇതിനായി പ്രാദേശിക സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. നാട്ടുകാരായ 14 പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. സൈനികവാഹനത്തിന്റെ ഇന്ധന ടാങ്കിന് നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയും ഗ്രെനേഡെറിയുകയും ചെയ്തെങ്കിലും പെട്ടെന്ന് സ്ഫോടനമുണ്ടായില്ല. തുടര്‍ന്നാണ് ഒട്ടിപ്പിടിക്കുന്ന സ്റ്റിക്കി ബോംബുപയോഗിച്ച്‌ സ്ഫോടനം നടത്തിയതെന്നും പരിശോധനയില്‍ വ്യക്തമായി.

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളിലും പ്രദേശത്തും നടത്തിയ തെരച്ചിലിലാണ് എകെ 47 തോക്കുപയോഗിച്ച്‌ 36 റൗണ്ട് വെടിയുതിത്തുവെന്ന് കണ്ടെത്തിയത്. ചൈനീസ് സ്റ്റീല്‍ ബുള്ളറ്റാണ് ഇതിന് ഉപയോഗിച്ചത്. മൂന്നോ നാലോ പേരടങ്ങുന്ന ഭീകരരുടെ സംഘം ആക്രമണം നടത്തിയ ശേഷം മുന്‍കൂട്ടി പദ്ദതിയിട്ട വഴിയിലൂടെയാണ് വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം നടന്ന് മൂന്നാം ദിവസവും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉത്തരമേഖലാ കമാന്‍ഡര്‍ ലഫ് ജന ഉപേന്ദ്ര ദ്വിവേദി ഭീകരാക്രമണം നടന്ന സ്ഥലവും പരിക്കേറ്റ സൈനികനെയും സന്ദര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന് ഉത്തരമേഖല കമാന്‍ഡര്‍ വ്യക്തമാക്കി.