ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി; കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു

single-img
11 June 2023

ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമാവുകയും കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവ ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയാണ് സാധ്യത. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ നിർദ്ദേശാനുസരണം ജനങ്ങൾ മാറി താമസിക്കണമെന്നും, മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതോടൊപ്പം ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂന മർദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. കേരള തീരത്ത് 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.