ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നു; ഷാങ്ഹായി ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

single-img
16 September 2022

ഷാങ്ഹായി സഖ്യ രാജ്യങ്ങൾതമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമാകെയുള്ള ജനസംഖ്യയിലെ 40 ശതമാനവും വസിക്കുന്നത് ഈ മേഖലയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ താനെ രാജ്യങ്ങൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്തണമെന്നും ഉസ്ബക്കിസ്ഥാനിലെ സമർകാന്ദിൽ നടക്കുന്ന 22-ാമത് എസ്.സി.ഒ ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്ന് ഇന്ത്യയാണെന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയെ ഒരു ഉൽപ്പാദന കേന്ദ്രമാക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. മാത്രമല്ല, ഉച്ചകോടിയിൽ ഇന്ത്യയുടെ കണ്ടുപിടുത്തങ്ങളും സ്റ്റാർട്ടപ്പ് മോഡലുകളും പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ഉച്ചകോടിയിൽ പറഞ്ഞു.

ലോകം ഇപ്പോൾ കോവിഡ് മഹാമാരിയെ തരണം ചെയ്യുകയാണ്. കോവിഡ്, ഉക്രെയ്ൻ പ്രതിസന്ധി, തുടങ്ങിയവ കാരണം ആഗോള വിതരണ ശൃംഖലയിൽ ധാരാളം തടസ്സങ്ങൾ സംഭവിച്ചു. ഇന്ത്യ ജനകേന്ദ്രീകൃത വികസന മാതൃകയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ മേഖലയിലും നവീകരണത്തെ പിന്തുണയ്ക്കുന്നു. ഇന്ന് ഇന്ത്യയിൽ 70,000-ത്തിലധികം സ്റ്റാർട്ടപ്പുകളും 100-ലധികം യൂണികോണുകളുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പുറമെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, എസ്സിഒയുടെ മറ്റ് നേതാക്കളും ഗ്രൂപ്പിംഗിന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തു. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും വ്യാപാരവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ച ചെയ്തു..