നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക; എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക: തോമസ് ഐസക്

single-img
25 April 2023

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായ സ്വര്‍ണകള്ളകടത്ത് കേസുകളെ കുറിച്ച് യുവം വേദിയിലെ മോദിയുടെ പരമാര്‍ശത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ.തോമസ് ഐസക് രംഗത്ത്.പ്രധാനമന്ത്രി മോദി ഇതിലേറെ തറനിലയിലേക്ക് തരംതാഴാമോയെന്ന് അദ്ദേഹം ചോദിച്ചു. യുവജനങ്ങളോട് സംവദിക്കുന്നതിനായുള്ള സമ്മേളനം രാഷ്ട്രീയ യോഗമല്ല. എന്നാൽ അവിടെ അദ്ദേഹം നടത്തിയ പ്രസ്താവന ഇങ്ങിനായായിരുന്നു: “രാജ്യത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ കഠിനപ്രയത്നം നടത്തുന്നു.

എന്നാൽ ഇവിടെ ചിലർ രാപ്പകൽ സ്വർണ്ണക്കടത്തിന്റെ തിരക്കിലാണ്. യുവജനങ്ങളിൽ നിന്ന് ഇത് ഒളിക്കാനാവില്ല.”സ്വർണ്ണ കള്ളക്കടത്തിനെ തടയേണ്ട കസ്റ്റംസും അവരെ വെട്ടിച്ച് സ്വർണ്ണം കടത്തിയാൽ പിടിക്കേണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്ര സർക്കാരിന്റെ ഏജൻസികളല്ലേ? നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക. എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയുകയെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ എഴുതി.

കേരളത്തിൽ നടന്ന സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് ആകാറായില്ലേ. ആരാണ് സ്വർണ്ണം അയച്ചത്? ആർക്കാണ് സ്വർണ്ണം അയച്ചത്? ഇവ അന്വേഷിച്ചോ? ഇതിന് ഇടനിലക്കാരായി നിന്നവർ ഇന്ന് ബിജെപിയുടെ ഏറ്റവും വേണ്ടപ്പെട്ടവരല്ലേ? അവരെ ഉപയോഗിച്ച് സർക്കാരിനെ താറടിക്കാനാണു ശ്രമിക്കുന്നത്. ഇത് ഏറ്റുപറയാൻ ഒരു പ്രധാനമന്ത്രിയും..കേന്ദ്ര ധനമന്ത്രി പ്രകാശിപ്പിച്ച “2021-22-ലെ ഇന്ത്യയിലെ കള്ളക്കടത്ത്” എന്ന റിപ്പോർട്ടിൽ പറയുന്നത് ഏതാണ്ട് 350 ടൺ സ്വർണ്ണം ഇന്ത്യയിൽ കള്ളക്കടത്തായി കൊണ്ടുവരുന്നൂവെന്നാണ്.

ഇതിൽ 37 ശതമാനവും ബർമ്മ, നേപ്പാൾ വഴിയാണ്. അവ ഗുജറാത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സ്വർണ്ണ കച്ചവടക്കാരുടെ കൈകളിൽ എത്തുന്നത് കേരളം വഴി അല്ലല്ലോ. ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷൻ ഗുജറാത്താണ്. ഇതു കഴിഞ്ഞാൽ പിന്നെ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളും തുറമുഖങ്ങളും മഹാരാഷ്ട്രയിലാണ്. അവയൊക്കെ കഴിഞ്ഞേ കേരളമുള്ളൂ. അതു തടയേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. അതു കേന്ദ്രം ചെയ്യണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.