ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരമാണ്; പ്രതിപക്ഷ ഐക്യത്തെ മോദി ഭയപ്പെടുന്നു: രമേശ് ചെന്നിത്തല

single-img
7 September 2023

രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരമാണെന്നും ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തെ നരേന്ദ്ര മോദി ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി തന്നെ രാജ്യം ഭരിക്കാൻ എന്തൊക്കെ വേണമോ അതെല്ലാം ചെയ്യാനുള്ള അജണ്ടയുമായാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടുന്നത്. സോണിയ ഗാന്ധിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ല. പ്രതിപക്ഷ ഐക്യത്തോടുള്ള ഭയമാണ് ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള ശ്രമത്തിന് പിന്നിൽ. ബ്രിട്ടീഷുകാർ വരെ ഇന്ത്യയിൽ എല്ലാവർക്കും തുല്യമായ അവകാശം നൽകി.
ബ്രിട്ടീഷുകാർക്ക് വേണമെങ്കിൽ ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം ആയിരിക്കും. വമ്പിച്ച ഭൂരിപക്ഷം ഉണ്ടാകും. എം വി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്, എം വി ഗോവിന്ദൻ എന്താ ജ്യോത്സ്യൻ ആണോ?, ബിജെപിയുമായുള്ള ബന്ധമെന്ന ആരോപണം കോൺഗ്രസിന്റെ തലയിൽ വയ്ക്കേണ്ട. തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഐഎം പുതിയ അടവുമായി എത്തിയിരിക്കുകയാണ്. സിപിഐക്ക് പോലും കാര്യങ്ങൾ ബോധ്യപ്പെട്ടു. പ്രചരണം നടത്തിയിട്ടില്ലെന്ന് സിപിഐ പറഞ്ഞു. അച്ചു ഉമ്മനെതിരെ വളരെ മോശമായ പരാമർശം നടത്തിയ ആളിന് സിപിഎം സംരക്ഷണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.