എം എം ഹസൻ ഇനി കെപിസിസിയുടെ താത്കാലിക പ്രസിഡന്റ്

single-img
12 March 2024

നിലവിലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കണ്ണൂരിലെ ലോക്സഭാ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല യുഡിഎഫ് കൺവീനർ എം എം ഹസന്. നാളെ മുതൽ എം എം ഹസൻ ചുമതല ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.

അതേസമയം തനിക്ക് കെപിസിസി പ്രസിഡന്റിന്റെ ചുമതല ഉള്ളതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു സുധാകരന്റെ ആദ്യ നിലപാട്. പിന്നീട് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

‘ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം. എന്നാൽ പാർട്ടി പറഞ്ഞാൽ തള്ളാനാവില്ല. കോൺഗ്രസ് പാർട്ടിയാണ് എന്റെ അവസാന വാക്ക്. കണ്ണൂരിൽ സ്വീകരിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും ആവേശം കാണുമ്പോൾ മത്സരിക്കാനുള്ള പാർട്ടി നിർദേശം ശരിയാണെന്ന് മനസ്സിലായി. മത്സരിച്ചില്ലെങ്കിൽ നിരാശയുണ്ടായേനെ.’– കെ.സുധാകരൻ വ്യക്തമാക്കി.