മ്ലാവ് കുറുകെ ചാടി, തലകീഴായി മറിഞ്ഞ് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

single-img
30 June 2023

മൂന്നാർ: മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് തലകീഴായി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകള്‍ ഏൽക്കാതെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. കാറിന് മുന്നിൽ മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട്  റോഡിന് സമീപത്തെ മണ്ണ് തി ട്ടയിൽ  കയറി മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടര വയസ്സുള്ള കുട്ടിയടക്കം നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത് ആദ്യമായല്ല അപ്രതീക്ഷിതമായി വന്യമൃഗങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ കുടുങ്ങി അപകടമുണ്ടാവുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം കോതമംഗലത്ത്  റോഡിന് കുറുകെ ചാടിയ മ്ലാവ് കാറിലിടിച്ചു ചത്തിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. തുണ്ടത്ത് വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നയാളുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റു. അപകടത്തിൽ  കാര്‍ ഭാഗികമായി തകര്‍ന്നിരുന്നു. കാറിടിച്ചതിനെ തുടർന്ന് റോഡിൽ വീണു കിടന്ന മ്ലാവിനെ വനംവകുപ്പ് അധികൃതർ ചികിത്സക്കായി കൊണ്ടു പോകും വഴിയാണ് ചത്തത്.