മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: കോ ഇൻ ചാർജായി അനിൽ ആന്റണിക്ക് ചുമതല നൽകി ബിജെപി

single-img
13 October 2023

മിസോറാമിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോ ഇൻ ചാർജായി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് ചുമതല നൽകി ബിജെപി. കേന്ദ്രമന്ത്രിയായ കിരൺ റിജുജുവാണ് ‘ഇൻ ചാർജ്’. നാഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റോണും കോ ഇൻ ചാർജാണ്. നവംബർ ഏഴിനാണ് മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മിസോറമിൽ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഈ മാസം 20 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 21 ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്. നവംബർ ഏഴിനാണ് വോട്ടെടുപ്പ്.

അതേസമയം, ഛത്തീസ്ഗഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ ഏഴിനും രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 17 നും ആണ്. തെലങ്കാനയിൽ നവംബർ 30, രാജസ്ഥാനിൽ നവംബർ 23, മധ്യപ്രദേശ് നവംബർ 17 എന്നീ തീയതികളിലാണ് വോട്ടെടുപ്പ് നടത്തുക. മിസോറാം 40, രാജസ്ഥാനില്‍ 199, തെലങ്കാന 119, മധ്യപ്രദേശ് 230, ചത്തീസ്ഗഢ് 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.