വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഉത്തരവ്

single-img
22 July 2023

തിരുവനന്തപുരം: വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. മുതിർന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥർ ജോലി സമയത്ത് ഓഫീസിൽ ഹാജരില്ല എന്ന് കണ്ടെത്തിയത്.

തുടർന്ന് അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കുകയും നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്.

ചെങ്ങന്നൂർ ആർഡിഡി ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ  തുടരന്വേഷണത്തിന്റെ ഭാഗമായി ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവിലും മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു