എൻസിഇആർടി വെട്ടി മാറ്റലിനെതിരെ മന്ത്രി വി ശിവൻകുട്ടി

single-img
6 April 2024

എന്‍സിഇആര്‍ടി സിലബസിൽ നിന്നും സംഘപരിവാർ വിരുദ്ധ പാഠഭാഗങ്ങള്‍ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അയോധ്യയിൽ ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപത്തില്‍ മുസ്ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇതിനുമുൻപും ശാസ്ത്ര, സമൂഹശാസ്ത്ര, ചരിത്ര, രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായ വെട്ടി മാറ്റലുകള്‍ എന്‍സിഇആര്‍ടി നടത്തിയിരുന്നു. ആ സമയവും കേരളം പ്രതികരിച്ചത് ഇവ ഉള്‍ക്കൊള്ളിച്ചുള്ള അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയാണ്. കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്.

വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെയാണ് പാഠപുസ്തകത്തില്‍ എന്‍സിഇആര്‍ടി മാറ്റം വരുത്തിയത്. 2024-25 അധ്യയന വര്‍ഷത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സിന്റെ പുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.