മന്ത്രി വി അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരി: കെഎം ഷാജി

single-img
18 May 2023

മന്ത്രി വി അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരിയാണെന്നും താനൂരിൽ പൊലിഞ്ഞ 22 ജീവന് മന്ത്രി മറുപടി പറയണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തൊഴിലാളി പാർട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായ ആളാണ് അബ്ദുറഹിമാനെന്നും താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി അബ്ദുറഹിമാനെതിരെ മുസ്ലിം ലീഗ് ശക്തമായ വിമർശനവുമായി രംഗത്തുണ്ട്. ശക്തമായ ഭാഷയിൽ മന്ത്രിയും സിപിഎമ്മും പ്രതിരോധിക്കുന്നുമുണ്ട്. ബോട്ടപകടത്തിൽ ഉത്തരവാദിത്തം മന്ത്രിക്കും സംസ്ഥാന സർക്കാരിനുമുണ്ടെന്നാണ് ലീഗ് ഉയർത്തുന്ന ആരോപണം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ പ്രതിഷേധ യോഗത്തിൽ താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. അതിനെതിരായി ഇടതുമുന്നണി താനൂരിൽ സംഘടിപ്പിച്ച യോഗത്തിൽ കെ എം ഷാജിയുടെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറുമെന്നാണ് മന്ത്രി വി അബ്ദുറഹിമാൻ മറുപടി നൽകിയത്.