സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

single-img
28 March 2023

സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്ഓരോരുത്തരുടെയും സംസ്കാരം അവരവര്‍ പറയുന്ന വാക്കുകളില്‍ കാണാന്‍ കഴിയും. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയപാത വികസന കാര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന് ഇരട്ടത്താപ്പാണെന്നും കേരളത്തെ ആകെ ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹത്തിനെന്നും മന്ത്രി വിമര്‍ശിച്ചു.

ദേശീയപാതാ വികസനത്തില്‍ കേരളത്തിന് ഒരു റോളും ഇല്ലെന്ന് ബിജെപി അധ്യക്ഷന്‍ പറയുന്നു. എന്നാല്‍ 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പദ്ധതി മുന്നോട്ട് പോയത്. ആ ഘട്ടത്തില്‍ കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി വെക്കണം എന്ന് കേന്ദ്ര മന്ത്രിക്ക് കത്ത് എഴുതിയത് ബിജെപിയാണ്.

എന്നാല്‍ കേന്ദ്രത്തിന് ഭൂമി ഏറ്റെടുക്കലിന്റെ 25% ചെലവ് സംസ്ഥാനം വഹിക്കുമെന്ന് ഉറപ്പ് നല്‍കി. സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റ് വായിച്ച്‌ കൊണ്ടായിരുന്നു റിയാസിന്റെ വിമര്‍ശനം. ദേശീയപാതാ വികസനത്തിന് സംസ്ഥാനം നല്‍കിയ തുക 5519 കോടി രൂപയാണെന്നും ഇന്ത്യയില്‍ ആദ്യമായി ദേശീയപാതാ വികസനത്തിന് ഇത്രയും തുക ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

നിതിന്‍ ഗഡ്കരി സ്വീകരിച്ചത് വളരെ പോസിറ്റീവ് ആയ സമീപനമായിരുന്നു. കേരളത്തിന്റെ അവകാശമാണ് ദേശീയപാതാ വികസനം. ആരുടെയും ഔദാര്യമല്ല. സുരേന്ദ്രന് വല്ലാത്ത ബേജാറാണ്. ഒരു സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷത്ത് യുഡിഎഫിന്റെ വിമര്‍ശനം സിപിഎമ്മിന് നേരെ വരുന്നത് ബിജെപി യെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്. സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പരിശോധിച്ച്‌ പോകേണ്ട കാര്യങ്ങളാണ്. നാവ് കൊണ്ട് യുദ്ധം ചെയ്യുന്നവരല്ല തങ്ങളെന്നും താഴേത്തട്ടില്‍ ജനത്തെ ബോധ്യപ്പെടുത്തുന്നവരാണെന്നും റിയാസ് പറഞ്ഞു.