ഇനിയും യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാം; ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ തുടരും: ഡൊണാൾഡ് ട്രംപ്

single-img
2 March 2026

ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ തുടരുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിയും യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധങ്ങളും ദീർഘദൂര മിസൈലുകളുമുള്ള ഇറാൻ ഭരണകൂടം അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പറഞ്ഞു.

എന്നാൽ ഇറാൻ ഇത്തരത്തിലുള്ള ആയുധങ്ങൾ നിർമ്മിക്കുന്നു എന്നതിന് തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട സൈനികർക്കായി രാജ്യം ദുഃഖിക്കുന്നുവെന്നും, അവരുടെ മരണത്തിന് പകരം വീട്ടുമെന്നും നാഗരികതയ്ക്ക് നേരെ യുദ്ധം ചെയ്യുന്ന ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ ആക്രമണങ്ങളിൽ മൂന്ന് യു എസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇനിയും സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് ഡൊണാള്‍ഡ് ട്രംപ് നൽകിയത്. ആയത്തുള്ള ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ജനങ്ങ‍ള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇറാനെതിരായ യുഎസ് – ഇസ്രയേൽ ആക്രമണത്തെ അപലപിച്ചും അനുകൂലിച്ചും നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.