ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും ഇന്ന് വിവാഹിതരാകും

single-img
4 September 2022

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി ഹാളിൽ രാവിലെ 11നാണ് ചടങ്ങ്. മുഖ്യമന്ത്രി,​ മന്ത്രിമാർ,​ പാർട്ടി പ്രവർത്തകർ,​അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തിൽ സൂചിപ്പിച്ചിരുന്നു.

മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു.

പരമാവധി ആളുകളെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് കുറിപ്പിൽ ആര്യാ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. ആൾ സെയിന്റ്സ് കോളജിൽ പഠിക്കുമ്പോൾ 21–ാം വയസിലാണ് മുടവൻമുഗൾ സ്വദേശിനി ആര്യാ രാജേന്ദ്രൻ മേയറാകുന്നത്. നിലവിൽ സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് കോഴിക്കോട് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രൻ.