ബലാത്സംഗകേസിൽ പരോളിലുള്ള റാം റഹീം സിങ്ങിന്റെ പരിപാടിയിൽ മേയറും ഹരിയാന ഡെപ്യൂട്ടി സ്പീക്കറും; ബിജെപി പ്രതിരോധത്തിൽ

single-img
20 October 2022

ബലാത്സംഗകേസിൽ പരോളിൽ ജയിലിൽ നിന്നും ഇറങ്ങിയ ആൾദൈവമായ ദേരാ സച്ചാ സൗദാ തലവൻ റാം റഹീം സിങ്ങിന്റെ പരോൾ സമയത്ത് നടത്തിയ ഓൺലൈൻ സത്സംഗത്തിൽ കർണാൽ മേയറും അദ്ദേഹത്തിന്റെ പ്രതിനിധികളും പങ്കെടുത്തതിന് ശേഷം, ഹരിയാന ഡെപ്യൂട്ടി സ്പീക്കർ രൺബീർ സിംഗ് ഗാങ്‌വയും അദ്ദേഹത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തു.

റാം റഹീമിന്റെ പരോളും സത്സംഗം നടത്താനുള്ള അനുമതിയും സംബന്ധിച്ച വിവാദങ്ങൾ വർധിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഓൺലൈൻ സത്സംഗങ്ങളിൽ ബിജെപി നേതാക്കൾ പങ്കെടുത്തത് ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി.

റാം റഹീം സിങ്ങിന് 40 ദിവസത്തെ പരോൾ അനുവദിച്ചതിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിന് പ്രതിപക്ഷത്തുനിന്നും പൊതുജനങ്ങളിൽ നിന്നും തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ബലാത്സംഗ, കൊലപാതക കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നയാളാണ് റാം റഹീം. ഒക്ടോബർ 14നാണ് മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ദേര മേധാവിക്ക് പരോൾ അനുവദിച്ചത്.

“എന്നെ സത്സംഗത്തിലേക്ക് ക്ഷണിച്ചത് ‘സദ്സംഗ്’ ആണ്. ഓൺലൈൻ സത്സംഗം യുപിയിൽ നിന്നാണ്. എന്റെ വാർഡിലെ നിരവധി ആളുകൾ ബാബയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാമൂഹിക ബന്ധത്തിൽ നിന്നാണ് പരിപാടിയിൽ എത്തിയത്, അതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. ” ഡെപ്യൂട്ടി മേയർ പറഞ്ഞു.

ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നത്. റാം റഹീമിന്റെ ഭക്തരും അനുയായികളും ഏറെ ആധിപത്യം പുലർത്തുന്ന മണ്ഡലമായ ആദംപൂർ ഉപതെരഞ്ഞെടുപ്പിന് പിന്തുണ ആകർഷിക്കാനുള്ള തന്ത്രമാണ് പരോൾ എന്ന് റാം റഹീമിനെ വിട്ടയച്ചത് മുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു.