പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ; രാഹുലിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മ രംഗത്തെത്തി. രാഹുലിനെതിരേ മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്ന് ആരോപിച്ചാണ് ശ്രീനാ ദേവി ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്.
പ്രതിസന്ധി ഘട്ടം അതിജീവിക്കാൻ രാഹുലിന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും, ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു. നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് കേസിൽ കോടതി വിധി വരുന്നതുവരെ ഒരാളെയും കുറ്റവാളിയായി ചിത്രീകരിക്കരുതെന്നും ശ്രീനാ ദേവി വ്യക്തമാക്കി.
കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാൽ മാത്രമേ ഒരാളെ കുറ്റവാളിയെന്ന് പറയാൻ കഴിയൂവെന്നും, അതിന് മുമ്പ് വിധിയെഴുതാൻ ആരർക്കും അവകാശമില്ലെന്നും അവർ പറഞ്ഞു. കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ നിയമ നടപടികളെ മാനിക്കണമെന്നും, മാധ്യമങ്ങളും പൊതുസമൂഹവും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ശ്രീനാ ദേവി കുഞ്ഞമ്മ വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.


