കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു ഇത് അവസാനിപ്പിക്കണം;ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍

single-img
16 September 2022

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന നിലയില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍.

സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണം എന്നും പറയുന്ന ക്യാംപെയ്ന് പിന്തുണയുമായാണ് കെ എല്‍ രാഹുല്‍ എത്തുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം. തെരുവുനായകളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സിന്റെ പോസ്റ്ററാണ് ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയില്‍ രാഹുല്‍ പങ്കുവെച്ചത്. കേരളത്തില്‍ വീണ്ടും തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നത് ആരംഭിച്ചിരിക്കുന്നു എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ‘ദയവായി, നിര്‍ത്തൂ’ എന്നാണ് പോസ്റ്ററിനൊപ്പം രാഹുല്‍ കുറിച്ചത്.

അതിനിടയില്‍ സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഡിവിഷന്‍ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയിരുന്നു