ആയോധനകലകൾ മാനസിക സമ്മർദം ഇല്ലാതാക്കി; ‘വേട്ടുവം’ റിലീസിനായി കാത്തിരിക്കുന്നു: ശോഭിത ധുലിപാല

single-img
29 September 2026

പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘വേട്ടുവം’ത്തിനായുള്ള ആയോധനകലാ പരിശീലനം തന്നെ ശാരീരികമായും മാനസികമായും സ്വാധീനിച്ചുവെന്ന് നടി ശോഭിത ധുലിപാല. അടുത്തകാലത്തൊന്നും ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് ‘വേട്ടുവം’ എന്നും പ്രേക്ഷകയെന്ന നിലയിൽ സിനിമയ്ക്കായി താൻ കാത്തിരിക്കുകയാണെന്നും ശോഭിത പറഞ്ഞു. എൻഡിടിവി സംഘടിപ്പിച്ച ‘യുവ 2026’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.

‘വേട്ടുവം’ത്തിലൂടെയാണ് ആയോധനകലകളുമായി പരിചയപ്പെടുന്നതെന്ന് ശോഭിത പറഞ്ഞു. കളരിപ്പയറ്റ്, മല്ലഖമ്പ് തുടങ്ങി നിരവധി മനോഹരമായ ആയോധനകലകളുടെ നാടാണ് ഇന്ത്യ. എല്ലാവരും ഇത്തരം കലാരൂപങ്ങൾ പരീക്ഷിച്ചുനോക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അവയ്ക്ക് അർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

ആയോധനകലാ പരിശീലനം പ്രതീക്ഷിക്കാത്ത തരത്തിൽ തന്റെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാക്കിയെന്നും ശോഭിത പറഞ്ഞു. മാനസിക സമ്മർദവും സംഘർഷങ്ങളും ഇല്ലാതാക്കാനും കൂടുതൽ ശാന്തയാകാനും പരിശീലനം സഹായിച്ചുവെന്നാണ് നടിയുടെ വാക്കുകൾ.

ശാസ്ത്രീയ നർത്തകി കൂടിയായ ശോഭിത, ഇപ്പോൾ നൃത്തത്തേക്കാൾ ആയോധനകലകളോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും വെളിപ്പെടുത്തി. “എന്റെ അമ്മയ്ക്ക് ഈ ഉത്തരം അത്ര ഇഷ്ടപ്പെടില്ലായിരിക്കും. എങ്കിലും, Why should boys have all the fun?” എന്ന് തമാശരൂപേണയും താരം പറഞ്ഞു.

ആക്ഷൻ, ചരിത്രം, സയൻസ് ഫിക്ഷൻ എന്നീ ഘടകങ്ങൾ സമന്വയിപ്പിച്ച് വമ്പൻ സ്കെയിലിലാണ് പാ. രഞ്ജിത്ത് ‘വേട്ടുവം’ ഒരുക്കുന്നത്. ആദിമ മനുഷ്യരുടെ ജീവിതവും ആചാരങ്ങളും വർത്തമാനകാലത്തെ എങ്ങനെ സ്വാധീനിക്കുന്നു, അത് ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നു തുടങ്ങിയ ആശയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയുള്ള ആക്ഷൻ രംഗങ്ങൾക്കായി ചിത്രത്തിലെ അഭിനേതാക്കൾ പ്രത്യേക പരിശീലനം നേടിയിരുന്നു. സിനിമയുടെ ഗ്ലിംപ്സ് വീഡിയോയിലും താരങ്ങളുടെ കഠിനമായ പരിശീലനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.