വാട്സ്ആപ്പിലൂടെ വിവാഹ ആലോചന; വരൻ ആംസ്റ്റര്‍ഡാമിൽ ഡോക്ടർ; തൃശൂരുകാരിക്ക് നഷ്ടമായത് വിവാഹത്തിന് കരുതിവച്ച 85,000 രൂപ

single-img
7 October 2023

നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ വിവാഹശേഷത്തെ പോകാമെന്ന് സ്വപ്നം കണ്ട തൃശ്ശൂർ സ്വദേശിയായ യുവതിക്ക് കെെയിൽ നിന്നും നഷ്ടപ്പെട്ടത് വിവാഹത്തിന് കരുതിവച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ. തൃശ്ശൂരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിക്കാണ് വിദേശത്തുനിന്നും വിവാഹ ആലോചന എത്തിയത്.

ആംസ്റ്റർഡാമിൽ നിന്നുമാണ് വാട്സാപ്പിലൂടെ യുവതിക്ക് വിവാഹ ആലോചന വന്നത്. വരൻ ആംസ്റ്റർഡാമിൽ ഡോക്ടറായി ജോലി ചെയ്യുന്നു എന്നാണ് അറിയിച്ചത്. വിവാഹം കഴിഞ്ഞാൽ വിദേശത്തേക്ക് വിമാനം കയറണം എന്നുള്ള വരൻ്റെ വാക്കിൽ വീണുപോയ യുവതിക്ക് നഷ്ടപ്പെട്ടത് 85,000 രൂപയായിരുന്നു. ഇപ്പോൾ ഈ പണം തിരികെ ലഭിക്കാൻ സൈബർ സെല്ലിന് പരാതി നൽകി കാത്തിരിക്കുകയാണ് യുവതി.

യുവതിക്ക് വിവാഹ ആലോചനകൾക്ക് വേണ്ടി മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയിരുന്നു. ഈ പരസ്യം കണ്ട് നിരവധി യുവാക്കൾ യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. അതിനിടയിലാണ് നെതർലാൻഡ്സിൽ നിന്നും യുവാവായ ഡോക്ടറുടെ വിവാഹ ആലോചന യുവതിക്ക് എത്തുന്നത്. മാട്രിമോണിയൽ സൈറ്റിൽ നൽകിയിരുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ആയിരുന്നു സന്ദേശം എത്തിയത്.

ഈ വ്യക്തിക്ക് യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യമാണെന്ന് സ്വദേശത്തിൽ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം ആംസ്റ്റര്‍ഡാമിലേക്ക് ഇരുവർക്കും പോകാമെന്നും സന്തോഷത്തിൽ യുവാവ് അറിയിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ഇരുവരുടെയും വാട്സാപ്പിലൂടെയുള്ള സൗഹൃദം ദൃഢമാവുകയായിരുന്നു. വീട്ടുകാര്യങ്ങൾ ഉൾപ്പെടെയുള്ളവ യുവതി തൻ്റെ `ഭാവി വരനാ´യ യുവാവുമായി പങ്കുവെച്ചിരുന്നു.

രണ്ടുപേരും തമ്മിലുള്ള ബന്ധം ഈ രീതിയിൽ തുടർന്ന് പോകുന്നതിനിടയിൽ ഒരു ദിവസം അപ്രതീക്ഷിതമായി വരനായ യുവാവിൻ്റെ അമ്മ യുവതിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തൻ്റെ മകന് യുവതിയെ ഇഷ്ടമായെന്നും ഈ വിവാഹത്തിന് തനിക്ക് പോകുന്ന സമ്മതമാണെന്നും അവർ അറിയിച്ചു. എത്രയും വേഗം വിവാഹം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിൻ്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് യുവാവ് ആംസ്റ്റര്‍ഡാമില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും തൃശ്ശൂരിലെത്തി യുവതിയെ കാണുമെന്നും മാതാവ് വ്യക്തമാക്കി. വിവാഹം അടുത്തുവരുന്നു എന്ന വിവരമറിഞ്ഞ് യുവതിയുടെ സന്തോഷത്തിന് അതിരില്ലാതായി .

ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തരയ്ക്ക് ഡല്‍ഹി കസ്റ്റംസ് ഓഫീസില്‍നിന്നാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോൺ കോൾ യുവതിയെ തേടിയെത്തിയത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ കൈവശം കുറേയധികം യൂറോ കറന്‍സി കണ്ടെടുത്തെന്നും യുവാവിനെ തടഞ്ഞു വെച്ചെന്നുമാണ് ആ ഫോൺ സന്തോഷത്തിൽ ഉണ്ടായിരുന്നത്. പിഴയായി 85,000 രൂപ അടച്ചാൽ മാത്രമേ യുവാവിനും സ്വതന്ത്രനാകാൻ പറ്റുകയുള്ളൂ എന്നും വിളിച്ചവർ അറിയിച്ചു. തുടർന്ന് അപ്പോൾ തന്നെ യുവതിയുടെ അക്കൗണ്ടില്‍നിന്ന് 85,000 രൂപ അയാളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയച്ചുകൊടുക്കുകയായിരുന്നു.

അതുതന്നെ ഉച്ചയോടു കൂടി വീണ്ടും ഫോൺ വന്നു. യൂറോ കറന്‍സി ഏതെങ്കിലും ബാങ്കില്‍നിന്ന് മാറ്റിയെടുക്കാന്‍ മൂന്നു ലക്ഷം കൂടി പ്രൊസസിങ് ഫീസ് ഇനത്തില്‍ ഉടന്‍ അടയ്ക്കണമെന്നു പറഞ്ഞു. യുവതിയുടെ അക്കൗണ്ടില്‍ ഇത്രയും പൈസ ഇല്ലാത്തതിനാല്‍ പണം നൽകാനായില്ല. അതേസമയം പണം ആവശ്യപ്പെട്ട് വീണ്ടും തുടരെത്തുടരെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതോടുകൂടിയാണ് സംഗതി സൈബർ തട്ടിപ്പ് ആണെന്ന സംശയം യുവതിക്ക് തോന്നിയത്. തുടർന്ന് യുവതി തന്നെ വിളിച്ച യുവാവിൻ്റെയും അമ്മയുടേയും ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചു നോക്കി. അത് പ്രവർത്തിക്കുന്നില്ലായിരുന്നു. ഇതോടെയാണ് യുവതി സിറ്റി പൊലീസിൻ്റെ സൈബര്‍ വിഭാഗത്തില്‍ പരാതി നല്‍കിയത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.