മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും


ദില്ലി: മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടേക്കും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചിരുന്നു.
അതേസമയം അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആപ് നേതാക്കള്‍ അറിയിച്ചു. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ആപ് ആവര്‍ത്തിക്കുന്നത്.
അതേസമയം മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിപക്ഷത്ത് ഭിന്നത പ്രകടമായി. അറസ്റ്റ് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. അരവിന്ദ് കെജ്രിവാള്‍ അഴിമതിയുടെ നേതാവെന്ന് കോണ്‍ഗ്രസ് ദില്ലി ഘടകം ആരോപിച്ചു. എന്നാല്‍ അറസ്റ്റ് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിആര്‍എസും പറയുന്നത്