മദ്യ നയകേസില്‍ ഹാജരാകാന്‍ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് മനീഷ് സിസോദിയ

single-img
19 February 2023

മദ്യ നയകേസില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ച സിസോദിയ ഒരാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. സിസോദിയയുടെ അഭ്യര്‍ത്ഥന സിബിഐ പരിഗണിക്കുകയാണ്.

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ആണ് ദില്ലി ഉപമുഖ്യമന്ത്രിക്ക് സിബിഐ നോട്ടീസ് നല്‍കിയത്. തന്നെ സിബിഐ അറസ്റ്റ് ചെയ്യും എന്ന് അറിയാം, അതുകൊണ്ടാണ് ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചതെന്ന് സിസോദിയ വ്യക്തമാക്കി.

മദ്യനയ കേസിന് പിന്നാലെ മനീഷ് സിസോദിയക്ക് മേല്‍ വീണ്ടും കുരുക്കു മുറുക്കി സിബിഐ. സര്‍ക്കാര്‍ ചെലവില്‍ നിയമവിരുദ്ധമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ കേസെടുക്കാനാണ് ദില്ലി ലഫ് ഗവര്‍ണറോട് അനുമതി തേടിയത്. 2015 അധികാരത്തിലെത്തിയതിന് പിന്നാലെ മനീഷ് സിസോദിയ വിജിലന്‍സ് മേധാവിയായിരിക്കെയാണ് ദില്ലി എഎപി സര്‍ക്കാ‌ര്‍ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. സെപ്റ്റംബറില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്, 2016 ഫെബ്രുവരി 1 മുതല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി. വ്യക്തികള്‍ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്വേഷിച്ച സംഘം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 1 കോടി രൂപ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു. രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ കൈമാറി.

ഇതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവില്‍നിന്ന് നഷ്ടമായി. ദില്ലി പോലീസ് വിജിലന്‍സ് റിപ്പോട്ട് അടിസ്ഥാനമാക്കി 2 കേസുകളെടുക്കാന്‍ കേസെടുക്കാന്‍ കഴിഞ്ഞ മാസം 12നാണ് സിബിഐ ദില്ലി ലഫ് ഗവര്‍ണറോട് അനുമതി തേടിയത്. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശം തേടിയിട്ടുണ്ട്. അതേസമയം കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ തങ്ങള്‍ക്കെതിരെയെടുത്ത 163 കേസുകളില്‍ ഒന്നിന് പോലും തെളിവില്ലെന്ന് എഎപി പ്രതികരിച്ചു.