മണിപ്പൂര്‍ കത്തുന്നു, സഹായിക്കണമെന്ന്’ മേരി കോം

single-img
4 May 2023

മണിപ്പൂരില്‍ ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തിന് പട്ടികവര്‍ഗ പദവിക്ക് നല്‍കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു.

സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

അതേസമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് സ്ഥിരീകരിച്ചു. അക്രമത്തില്‍ മരണവും നാശനഷ്ടവും ഉണ്ടായിട്ടുയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ്തേയി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ഒരാഴ്ചയായിട്ടും പ്രതിഷേധത്തെ അണയ്ക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

കലാപം രൂക്ഷമായതോടെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിള്‍സും ചേര്‍ന്നു ഫ്ലാഗ് മാര്‍ച്ച്‌ നടത്തി. മണിപ്പൂരിലെ സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബോക്സിംങ് ഇതിഹാസം മേരി കോം രംഗത്ത് വന്നിരുന്നു. ‘എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ’ വെന്ന് മണിപ്പൂരിലെ സംഘര്‍ഷത്തിന്‍റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്ത് മേരി കോം അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്‍റെ ട്വീറ്റ്.

അതേസമയം അക്രമങ്ങള്‍ കൂടിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയെന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സര്‍ക്കാര്‍ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്. സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.

മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂര്‍ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാന്‍മറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്‌, സംസ്ഥാനത്തെ മലയോര മേഖലകളില്‍ മെയ്തികള്‍ക്ക് താമസിക്കാന്‍ അനുവാദമില്ല. ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതിനിതിരെയാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം പ്രക്ഷോഭം നടത്തുന്നത്.